കൊച്ചി: സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിരക്ക് കുറച്ചത് ചോദ്യം ചെയ്തുളള ബസുടമകളുടെ ഹർജിയിലാണ് നടപടി. ഇതോടെ കൂട്ടിയ യാത്രാനിരക്ക് തൽക്കാലത്തേക്ക് ബസുടമകൾക്ക് ഈടാക്കാം. ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. നിരക്കുവർധന സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ബസുകളിൽ 50 ശതാനം യാത്രക്കാരെ നിശ്ചയിച്ചപ്പോഴായിരുന്നു സർക്കാർ ചാർജ് വർധിപ്പിച്ചത്. എന്നാൽ ലോക് ഡൗൺ ഇളവുകൾ വന്നതോടെ പഴയ നിരക്കാക്കി. ഇതോടെയാണ് ഒരു വിഭാഗം ബസുടമകൾ ഹൈക്കോടതിയിൽ എത്തിയത്.
ലോക് ഡൗൺ വ്യവസ്ഥകൾ ഇളവ് ചെയ്യുമ്പോൾ ബസ് സർവീസ് നടത്തുന്നവരുടെ സാമ്പത്തികാവസ്ഥ കൂടി കണക്കിലെടുക്കണമെന്ന പരാമർശത്തോടെയാണ് കോടതിയുടെ സ്റ്റേ. നിലവിൽ ഒരു സീറ്റിൽ രണ്ട് പേർക്ക് ഇരിക്കാനാണ് അനുമതിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആളുകളെ നിർത്തി യാത്ര ചെയ്യിക്കാൻ അനുവദിക്കില്ല. അങ്ങനെ യാത്ര ചെയ്യിച്ചാൽ സർക്കാരിന് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.
ബസ് ചാര്‍ജ് കുറയ്ക്കരുതെന്ന ചൂണ്ടികാട്ടി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ നിവേദനം ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മിറ്റി പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം സർക്കാർ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചു. കൊറോണയെ തുടർന്ന് തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം.