വീട്ടമ്മയെ കൂട്ടമാനഭംഗപെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന; പൊലീസ്

തിരുവനന്തപുരം : കഠിനംകുളത്ത് വീട്ടമ്മയെ കൂട്ടമായി മാനഭംഗപെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി പൊലീസ്. ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. യുവതിയെ ഉപദ്രവിച്ചവരില്‍ ഒരാള്‍ മാത്രമാണ് ഭര്‍ത്താവിന്റെ സുഹൃത്ത്. കേസിലെ പ്രതിയായ രാജനാണ് സുഹൃത്ത്. ഇയാളുടെ വീട്ടില്‍ വെച്ചാണ് യുവതിക്ക് ബലമായി മദ്യം നല്‍കിയത്.

സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണ് മദ്യം കുടിപ്പിച്ചത്. തുടര്‍ന്ന് രാജനും ഭര്‍ത്താവും പുറത്തേക്ക് പോയി. ഇതിനിടെ രാജനാണ് മറ്റുപ്രതികളെ വിളിച്ചുവരുത്തിയത്. പ്രതികള്‍ പുറത്തുപോയിരുന്ന് മദ്യപിച്ചു. ഇതിനിടെ പ്രതികളിലൊരാളായ മനോജാണ് യുവതിയെ ഭര്‍ത്താവ് ചിലരുമായി വഴക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് യുവതിയെയും കുട്ടിയെയും ഓട്ടോയില്‍ തട്ടിക്കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളായ മന്‍സൂര്‍, അക്ബര്‍ ഷാ എന്നിവരാണ് യുവതിയെ ഏറ്റവും അധികം ഉപദ്രവിച്ചത്. ആദ്യം ആക്രമിച്ചത് മന്‍സൂറാണ്. എതിര്‍ത്തപ്പോള്‍ ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു.

മറ്റുരണ്ടുപേരും ഇതേസമയം ആക്രമിച്ചു. നാലാമന്‍ കണ്ണില്‍ അടിച്ചപ്പോഴാണ് യുവതിയുടെ ബോധം പോയതെന്ന് പൊലീസ് പറഞ്ഞു. മന്‍സൂറാണ് തന്റെ ഓട്ടോ വിളിച്ചുവരുത്തിയതെന്ന് പിടിയിലായ നൗഫല്‍ പൊലീസിനോട് സമ്മതിച്ചു. ഭര്‍ത്താവ് പണം വാങ്ങിയാണ് പ്രതികള്‍ക്ക് കാഴ്ച വെച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

മന്‍സൂര്‍, അക്ബര്‍ഷാ, അര്‍ഷാദ് എന്നിവര്‍ക്കെതിരെ പീഡനത്തിനു പുറമേ പോക്‌സോ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവ് ഉള്‍പ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടിനോട് യുവതി പറഞ്ഞതിനാല്‍ ഇവരെയും മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് മാറ്റി.