ന്യൂഡെല്‍ഹി : ഇന്ത്യയിൽ കൊറോണ അതിഭീകരമായി പടരുന്നതിനിടെ ലോകത്തെ കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തെത്തി. സ്‌പെയിനിനെ മറികടന്നാണ് കൊറോണ വൈറസ് കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ 2,46,622 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം പട്ടികയില്‍ അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നിവയ്ക്ക് പിന്നിലാണ് നിലവില്‍ ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളില്‍ റെക്കോര്‍ഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കില്‍ രേഖപ്പെടുത്തുന്നത്. സ്‌പെയിനില്‍ 2,41,310 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സര്‍വകലാശാല സൂചിപ്പിക്കുന്നു.
രോഗം തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയെ വെള്ളിയാഴ്ച ഇന്ത്യ മറികടന്നിരുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം വെള്ളിയാഴ്ച അര്‍ധ രാത്രിവരെ ഇന്ത്യയിലെ കോവിഡ് രോഗികള്‍ 2,35,769 ഉം ഇറ്റലിയിലേത് 2,34,531 ഉം ആയിരുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും 1 ലക്ഷത്തില്‍ അധികം പേര്‍ കോവിഡ് ബാധിച്ചു ചികില്‍സയിലുണ്ട്.
അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2,36,657 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച മാത്രം 9,887 പുതിയ കേസുകളും 294 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ 2,46,622 രോഗികളാണുള്ളത്. പട്ടികയില്‍ ആറാംസ്ഥാനത്താണ്. 2,88,390 രോഗികളുള്ള സ്‌പെയിന്‍ പട്ടികയില്‍ നാലാംസ്ഥാനത്താണെന്നും വേള്‍ഡോമീറ്റര്‍ വ്യക്തമാക്കുന്നു.