കഠിനംകുളത്ത് യുവതിയെ കൂട്ടമായി പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി നൗഫൽ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയില്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൗഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്.ഇന്നലെ രാത്രിയിലാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണ് നൗഫല്‍. യുവതിയുടെ മൊഴി പ്രകാരം യുവതിയെ ഏറ്റവും ക്രൂരമായി അക്രമിച്ചത് നൗഫലാണ്. യുവതിയെ ആദ്യം ആക്രമിച്ചതും ഇയാളാണ്.

കേസിലെ മറ്റൊരു പ്രതി രാജന്‍റെ വീട്ടില്‍ നിന്ന് യുവതിയെ കുറ്റിക്കാട്ടിലേക്ക് ഓട്ടോയിലേക്ക് തട്ടിക്കൊണ്ടുപോയത് നൗഫലിന്റെ നേതൃത്വത്തിലാണ്. മറ്റു പ്രതികളെല്ലാം തന്നെ നൗഫലിനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. ഇതില്‍ കടിച്ച പാടുകളുണ്ട്, നഖം കൊണ്ടുണ്ടായ മുറിവുകളുണ്ട്.കണ്ണ് അടികൊണ്ട് കലങ്ങിയിരുന്നു.ഇതെല്ലാം ചെയ്തത് നൗഫലാണ് എന്നായിരുന്നു യുവതിയുടെ മൊഴി.

സംഭവത്തില്‍ ഗൂഡാലോചനയുള്ളതു കൊണ്ട് യുവതിയുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയാവുക. അതുകൊണ്ടുതന്നെ നൗഫല്‍ രണ്ടാം പ്രതിയാകും‍. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്‍റെ അടുത്ത നടപടി.

നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങള്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങല്‍ സബ്‍ജയിലിലേക്ക് മാറ്റും