യൂണിവേഴ്സിറ്റി പരീക്ഷകൾ ക്ലാസ് പരീക്ഷയുടെ നിലവാരത്തിലേക്ക് ; എംജി സർവകലാശാലാ പരീക്ഷകളിൽ തിരിമറിക്ക് നീക്കം

തിരുവനന്തപുരം: കൊറോണയുടെ മറവിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ രഹസ്യസ്വഭാവം നഷ്ടപെടുത്തുവാൻ നീക്കം. ജൂൺ മൂന്നാം വാരത്തിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ അതാത് കോളേജുകളിൽ തന്നെ മൂല്യനിർണയം നടത്താനാണ് സിൻഡിക്കേറ്റിന്റെ പുതിയ തീരുമാനം. ഇതോടെ യൂണിവേഴ്സിറ്റി പരീക്ഷകൾ ക്ലാസ് പരീക്ഷയുടെ നിലവാരത്തിലേക്ക് തരം താഴ്ത്തപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിലുള്ള കേന്ദ്രീകൃത വാല്യുവേഷൻ സംവിധാനത്തിന് യാതൊരു അപാകതകളുമില്ലെന്നിരിക്കെയാണ് നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ കൊറോണയുടെ പേരിൽ പുതിയ രീതിയിലുള്ള മൂല്യനിർണയ നീക്കം. കേന്ദ്രീകൃത വാല്യൂ വേഷൻ ക്യാമ്പിലൂടെ വേഗത്തിൽ മൂല്യനിർണയം നടത്താൻ സർവകലാശാലയ്ക്ക് കഴിയും. മുമ്പ് പലപ്പോഴും വേഗത്തിൽ മൂല്യനിർണയം നടത്തിയ ചരിത്രവുമുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് മഹാമാരി മുതലാക്കി തിരിമറിക്ക് നീക്കം നടക്കുന്നത്.

ഫലപ്രഖ്യാപനം റെക്കോർഡ് വേഗതയിൽ നടത്തുന്നതിനുവേണ്ടിയാണ് പുതിയ പരിഷ്‌കാരം എന്നാണ് സർവകലാശാലയുടെ നിലപാട്. എം ജി സർവകലാശാലാ സിൻഡിക്കേറ്റാണ് പുതിയ പരിഷ്കാരത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്ന് മറ്റ് സർവകലാശാലകളും ഈ മാർഗം സ്വീകരിക്കാനാണ് ആലോചിക്കുന്നത്.

കോളേജിലെ സീനിയർ അധ്യാപകനെ മുഖ്യപരിശോധകനായി നിയമിച്ച് കോളജിലെ തന്നെ അധ്യാപകരെകൊണ്ട് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി മാർക്ക്‌ ലിസ്റ്റുകൾ യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുക്കാനാണ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഉത്തര കടലാസുകൾ സർവകലാശാലയിൽ എത്തിച്ചു ഫാൾസ് നമ്പർ നൽകി വിവിധ കോളേജുകളിലെ പരിശോധകർക്ക് യൂണിവേഴ്സിറ്റി നേരിട്ട് നൽകുന്ന രഹസ്യസ്വഭാവമാണ് ഇപ്പോഴത്തെ പുതിയ തീരുമാനത്തോടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

യാതൊരുവിധ ഭരണ നിയന്ത്രണമോ സ്ഥിരം അധ്യാപകരോ ഇല്ലാത്ത സ്വാശ്രയകോളേജുകളിൽ ഉൾപ്പടെയുള്ള കോളേജുകളിലെ ഉത്തരക്കടലാസുകൾ അവിടെത്തന്നെ മൂല്യനിർണയം നടത്താൻ സിൻഡിക്കേറ്റ് കൈകൊണ്ട തീരുമാനം വേണ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്കുകൾ ലഭിക്കാൻ സഹായിക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകരെ വേഗത്തിൽ സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ വിദ്യാർഥികൾ പുതിയ പരിഷ്കാരത്തെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.

മൂല്യനിർണയത്തിലെ സുതാര്യതയും സർവകലാശാലയുടെ വിശ്വാസ്യതയും നഷ്ടപ്പെടുത്തി കോളേജുകളെ തന്നെ സർവകലാശാല പരീക്ഷകളുടെ മൂല്യനിർണയചുമതല ഏൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേന്ദ്രീകൃത വാല്യൂവേഷൻ തുടരണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലറോട് ആവശ്യപെട്ടു.