തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി മൊഴി നല്‍കി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടു. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
സംഭവം നടക്കുന്നതിന് രണ്ടുദിവസം മുന്‍പ് ബീച്ചിന് സമീപത്തുള്ള വീട്ടില്‍ എത്തിയിരുന്നു. അന്ന് ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അന്ന് മോശമായ പെരുമാറ്റമൊന്നും ഉണ്ടായില്ല. സുഹൃത്തുക്കളില്‍ ഒരാള്‍ പണം അടങ്ങിയ പൊതി ഭര്‍ത്താവിന് നല്‍കുന്നത് കണ്ടു. എന്നാല്‍ എത്ര തുകയാണെന്ന് അറിയില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തും.
ഭര്‍ത്താവ് മദ്യം ബലമായി കുടിപ്പിച്ചാണ് ക്രൂരപീഡനത്തിന് ഇരയാക്കിയതെന്ന് യുവതി വെളിപ്പെടുത്തി. ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചത്. ഭര്‍ത്താവിനൊപ്പം നാലുപേര്‍ തന്നെ ഉപദ്രവിച്ചു. പിന്നെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും തന്നെയും കുട്ടിയെയും ഉപദ്രവിച്ചു. തന്നോട് പരാതി പിന്‍വലിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി.
തന്നെ മുറിയിലടച്ചശേഷം ഭര്‍ത്താവും കൂട്ടുകാരും പുറത്തേക്ക് പോയി. ഇതിനിടെ ഒരാളെത്തി കടന്നുപിടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ, ഇവിടെ നിന്നും രക്ഷപ്പെട്ടോളാന്‍ തന്നോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന മകനൊപ്പം വീട്ടില്‍ നിന്നും പുറത്തുകടന്ന ഉടന്‍ തന്നെ, ഭര്‍ത്താവ് ചിലരുമായി അടിയുണ്ടാക്കുകയാണെന്നും വേഗം എത്താനും ആവശ്യപ്പെട്ടു.
റോഡിലെത്തിയ തന്നെയും മകനെയും അവിടെയുണ്ടായിരുന്ന കാറിലേക്ക് തള്ളിയിട്ടു. വിജനമായ ഒരിടത്തുകൊണ്ടുപോയി ഉപദ്രവിച്ചു. അടിയേറ്റ തനിക്ക് ബോധം പോയി. മകനെ ഉപദ്രവിക്കുന്നത് കേട്ടാണ് കണ്ണുതുറക്കുന്നത്. അപ്പോള്‍ തന്റെ മേല്‍വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.
തന്റെ തുടയില്‍ സിഗരറ്റ് വെച്ചുകുത്തി പൊള്ളിച്ചതായും യുവതി പറയുന്നു. കുട്ടിയുമായി താന്‍ ഒരുവിധം റോഡിലെത്തി മുന്നിലെത്തിയ ബൈക്കിന് കൈകാണിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ ഏര്‍പ്പാടാക്കിയ കാറിലാണ് വീട്ടിലെത്തിച്ചത്. കാറില്‍ തന്റെ വീട്ടിലെത്തിച്ചു. പിന്നീട് ഭര്‍ത്താവ് ഇളയമകനെയും കൂട്ടി വീട്ടിലെത്തി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ അമ്മ അതിന് വിസമ്മതിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു.