മുംബൈ: മഹാ നഗരത്തിൽ കൊറോണ വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോഴും ഇന്നു മുതൽ കടകൾ തുറന്നു. കൊറോണ വ്യാപനം തടയാന്‍ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തെ അടച്ചിടലിനു ശേഷമാണ് മുംബൈയിലെ കടകള്‍ ഒറ്റ- ഇരട്ട അടിസ്ഥാനത്തില്‍ വീണ്ടും തുറന്നത്. സാധാരണ നിലയിലേക്ക് നഗരവും ജനജീവിതവും എപ്പോൾ മടങ്ങുമെന്ന് ആർക്കും പറയാൻ കഴിയാത്ത സാഹചര്യം.
മഹാരാഷ്ട്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ച് ഒരു ദിവസം റോഡിന്റെ ഒരു വശത്തുള്ള എല്ലാ കടകളും തുറന്നിരിക്കും. അതേസമയം റോഡിന്റെ മറുവശത്തുള്ള എല്ലാ കടകളും അടുത്ത ദിവസം തുറന്നിരിക്കും.
നഗരത്തിലെ റെഡ് സോണുകളിലെ ഷോപ്പുകളും മാളുകളും ഒഴികെയുള്ള എല്ലാ കടകളും ഇന്നു മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
അവശ്യസേവനങ്ങളും ഭക്ഷണശാലകളും മാത്രമേ ഇതുവരെ തുറക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു. കടകളെല്ലാം ശുചീകരിച്ചും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചുമാണ് തുറന്നത്. സാമൂഹ്യ അകലവും മറ്റ് മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കാന്‍ കടകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. സ്കൂളുകള്‍, കോളേജുകള്‍, പ്രദേശിക ട്രൈയിനുകള്‍, മതസ്ഥലങ്ങള്‍, സ്പോട്ടസ് കോംപ്ലക്സ് എന്നിവ അടഞ്ഞു തന്നെ കിടക്കും.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരിക്കൽ ഓഫീസിലെത്തി ഒപ്പുവയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അല്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.
സ്വയം തൊഴിലുകളിലേർപ്പെട്ടിരിക്കുന്ന പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, അണു നശീകരണ, സാങ്കേതിക വിദഗ്ധർ എന്നിവർക്കും ജോലിക്ക് പോകാൻ അനുവാദം നൽകിയിട്ടുണ്ട്.
അവശ്യ സേവനങ്ങൾ ഒഴികെയുള്ള വ്യക്തികൾക്ക് യാത്ര രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെ യാത്രകൾ കർശനമായി നിരോധിക്കും.
ജൂൺ 8 മുതൽ എല്ലാ സ്വകാര്യ ഓഫീസുകൾക്കും 10% തൊഴിലാളികളുമായി തുറക്കാൻ കഴിയും, ശേഷിക്കുന്നവർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാം.