പുൽവാമയിൽ കാർ ബോംബാക്രമണ ശ്രമം; സുരക്ഷാ സേന പരാജയപ്പെടുത്തി

ശ്രീനഗർ: ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി ജമ്മു കശ്മീരിലെ പുൽവാമയിൽ കാർ ബോംബാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി സ്ഫോടക വസ്തുക്കൾ കൊണ്ട് നിറച്ചു സജ്ജമാക്കിയ കാറാണ് സുരക്ഷാ സേന കണ്ടെത്തി നിർവീര്യമാക്കിയത്. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത് പാക് ഭീകരരായ ജെയ്ഷെ മുഹമ്മദാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

ഇത് രണ്ടാം തവണയാണ് സമാനമായ ഭീകരാക്രമണ ശ്രമം പുൽവാമയിൽ നടക്കുന്നത്. കഴിഞ്ഞ മെയ് 28നാണ് പുൽവാമയിലെ ആയെൻഗുണ്ട ഏരിയയിൽ കാറിനുള്ളിൽ സ്ഫോടക വസ്തുക്കളുമായി ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയത്. ഇതിന് ശേഷം പുൽവാമയിലെ കൻഗൻ ഏരിയിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജയ്ഷെ ഭീകരവാദികളെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.

നാല് ദിവസങ്ങൾക്ക് മുമ്പ് പുതിയ ആക്രമണ ശ്രമം സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്നാണ് സുരക്ഷാ സേന പറയുന്നത്. തുടർന്ന്  ഐ‌ഇഡി നിറച്ച കാർ കണ്ടയുടനെ ബോംബ് നിർമാർജന സ്ക്വാഡിനെ സ്ഥലത്തേക്ക് വിളിപ്പിക്കുകയും ബോംബ് നിർവീര്യമാക്കുകയായിരുന്നു. കാറിന്റെ ഉടമയായ ഹിസ്ബുൾ ഭീകരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.