അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെ പൊലീസുകാരൻ കൊലപ്പെടുത്തി

വാഷിം​ഗ്ടൺ: ജോർജ് ഫ്ലോയിഡെന്ന കറുത്ത വർഗക്കാരനെ പോലീസുകാരൻ കഴുത്ത് ഞെരിച്ച കൊന്ന സംഭവത്തിൽ പ്രതിഷേധാഗ്നി ആളിക്കത്തുമ്പോൾ അമേരിക്കയിൽ വീണ്ടും വർണ്ണവെറിയുടെ കൊലപാതകം. ലൂയിവിൽ മെട്രോ പൊലീസ് ആണ് റെസ്റ്റോറൻ്റ് ഉടമയായ ഡേവിഡ് മക്കറ്റീ എന്ന 53കാരനെയാണ് പൊലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഡേവിഡ് ആണ് ആദ്യം വെടിയുതിർത്തതെന്നും തിരികെ വെടി വെക്കുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ലൂയിവിൽ മെട്രോ പൊലീസ് മേധാവി സ്റ്റീവ് കോൺറാഡിനെ ജോലിയിൽ നിന്ന് പുറത്താക്കി.

പൊലീസുകാർക്ക് അവരവരുടെ ഷിഫ്റ്റുകളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമായിരുന്നയാളായിരുന്നു ഡേവിഡ്. മെയ് 31ന് ജോർ ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവർ പൊലീസുകാരെ വെടിവെച്ചെന്നും തിരികെ വെടിവെക്കുമ്പോൾ ഡേവിഡിനു വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നും കെൻ്റുകി നാഷണൽ ഗാർഡ് ട്രൂപ്പ്സ് പറയുന്നു. എന്നാൽ, സംഭവത്തിലെ ബോഡിക്യാം ദൃശ്യങ്ങൾ ഇതുവരെ ലൂയിസ്‌വിൽ മെട്രോ പൊലീസ് ഡിപ്പാർട്ട്മെൻ്റ് സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റീവ് കോൺറാഡിനെ ഗവർണർ ആൻഡി ബെഷിയർ ജോലിയിൽ നിന്ന് പുറത്താക്കിയത്.