ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തത്.
ലോക്ക്ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മർദ്ദന വിവരമറിഞ്ഞ വാർഡ് മെമ്പറാണ് ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയത്.
ശനിയാഴ്ച വൈകീട്ടാണ് കുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. അടി കിട്ടിയ വിവരം കുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം പറഞ്ഞുവെങ്കിലും വീട്ടുകാർ വിഷയം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിച്ചത്.