ഡെല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ സിആര്‍പിഎഫ് യൂണിറ്റുകളില്‍ സുരക്ഷ ശക്തമാക്കി.

വിവിധ ഭീകരസംഘടനകള്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നത്. സിആര്‍പിഎഫ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പിന്റെ ഉളളടക്കം. ഇതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സിആര്‍പിഎഫ് യൂണിറ്റുകളോട് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു. കൂടുതല്‍ സൈനികരെ വിന്യസിച്ചും മറ്റും ജാഗ്രത ശക്തമാക്കാനും വിശദാംശങ്ങള്‍ ഉടനടി അറിയിക്കാനും സിആര്‍പിഎഫ് കേന്ദ്രം അറിയിച്ചു.

ദുര്‍ബല പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് നിര്‍ദേശം. ഒരു വര്‍ഷം മുന്‍പ് ഫെബ്രുവരിയില്‍ സിആര്‍പിഎഫ് വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സമാനമായ ആക്രമണ പദ്ധതിക്ക് ഭീകരര്‍ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. അടുത്തിടെ ജമ്മുകശ്മീരില്‍ കാര്‍ ബോംബ് ആക്രമണ പദ്ധതി സുരക്ഷാ സേന തകര്‍ത്തിരുന്നു.