ചെന്നൈ: വളരെ പെട്ടെന്ന് തന്നെ കോടീശ്വരൻ ആകാൻ മന്ത്രവാദിനിയുടെ നിർദേശപ്രകാരം മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണു സംഭവം. കർഷകനും കുട്ടിയുടെ അച്ഛനുമായ പനീർസെൽവമാണു അറസ്റ്റിലായത്. കഴിഞ്ഞ മാസം 18നാണു പനീർസെൽവത്തിന്റെ 14 വയസ്സുകാരിയായി മകളെ വീടിനു സമീപത്തെ യൂകാലിപ്സ് തോട്ടത്തിൽ കഴുത്തിൽ മുറിവുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നു കുടുംബം ആരോപിച്ചു. എന്നാൽ, ലൈംഗിക പീഡനം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പിതാവ് പനീർസെൽവം അറസ്റ്റിലായത്.
അടുത്ത ബന്ധുവായ രവിയെന്നയാളുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. പ്രദേശത്തെ മന്ത്രിവാദിനിയുമായി രവിക്കു അടുത്ത ബന്ധമുണ്ട്. മന്ത്രവാദിനിയുടെ വീട്ടിൽ ഇയാൾ ഇടയ്ക്കിടെ പോകാറുണ്ട്. പെട്ടെന്നു പണക്കാരനാകാനും കുടുംബത്തിൽ ഐശ്വര്യമുണ്ടാകാനും മകളെ ബലി നൽകണമെന്നു മന്ത്രിവാദിനി നിർദേശിക്കുകയായിരുന്നുവെന്നു പനീർസെൽവം പൊലീസിനോടു പറഞ്ഞു. ഇതിനെത്തുടർന്നാണു രവിയുടെ സഹായത്തോടെ മകളെ കൊലപ്പെടുത്തിയത്. മകളെ കഴുത്തു ഞെരിച്ചു മൃതപ്രായയാക്കി യൂക്കാലിപ്സ് തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.