തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്ത് അന്തർ ജില്ലാ തലത്തിൽ നാളെ സർവീസ് ആരംഭിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സർവിസ്. ദൂരജില്ലകളിലേക്ക് സർവീസുകൾ ഉണ്ടാകില്ല. ഇന്ന് സർവീസ് ആരംഭിക്കാനിരുന്നെങ്കിലും ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് നാളെ മുതൽ തുടങ്ങുന്നത്. അതേസമയം 50 ശതമാനം ബസ് ചാർജ് കൂട്ടിയത് റദ്ദാക്കിയിരിക്കുന്നു. പഴയ നിരക്കിലായിരിക്കും ബസ്ചാർജ് ഈടാക്കുക. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയതോടെയാണ് നിരക്ക് വർധന പിൻവലിച്ചത്.
ഇന്ന് ഉച്ചയോടെ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ഏതെല്ലാം ബസുകൾ ഏതെല്ലാം ജില്ലയിൽ സർവിസ് നടത്തണമെന്ന തീരുമാനമുണ്ടാകുക.
ജൂൺ എട്ടിന് ശേഷം മാത്രമേ ബസ് സർവീസ് ആരംഭിക്കുവെന്നായിരുന്നു കെ.എസ്.ആർ.ടി.സി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളത്തിൽ എത്രയും വേഗം അന്തർ ജില്ല ബസ് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ജീവനക്കാരെയും ബസുകളും ക്രമീകരിക്കാൻ കഴിയാത്തതാണ് ചൊവ്വാഴ്ച സർവീസ് ആരംഭിക്കാത്തതിൻ്റെ കാരണം. ബുധനാഴ്ച രാവിലെ മുതൽ സർവീസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
ജില്ലകൾക്കുള്ളിൽ സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് നേരത്തെ പൂർത്തിയാക്കിയിരുന്നത്.