ജിദ്ദ: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ പടർന്ന കൊറോണ വൈറസല്ലെന്ന് സൗദി അധിക്യതർ സ്ഥിരീകരിച്ചു. മധുപൂർവ്വ ദേശത്ത് കാണുന്ന മെർസ് കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചതെന്ന് സൗദി അധികൃതരെ ഉദ്ധരിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.ഇത് താരതമ്യേന അപകടകാരിയല്ലെന്നാണ് സൂചന.
ഇവരെ ശുശ്രൂഷിച്ച നഴ്സുമാരടക്കം 40 പേർക്ക് രോഗബാധയുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് സൗദിയിലെ മലയാളി നഴ്സുമാർ ഭീതിയിലാണ്.
അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിൽ സൗദി അറേബ്യക്കാരനെ ചികിൽസിച്ച ഏറ്റുമാനൂർ സ്വദേശിയായ നഴ്സിനാണ് മെർസ് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരുവായി അടുത്തിടപഴകിയ നാൽപതോളം നഴ്സുമാർ ഭീതിയിലാണ്.ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധന നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
സംഭവത്തെ ഗൗരവത്തോടെ കണ്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
അതേ സമയം കൊറോണ വൈറസ് ആശങ്ക ഉയർത്തുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കേരളത്തിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
ചൈനയിൽ തുടങ്ങിയ കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് ഇരുപതോളം പേർ ചൈനയില്‍ മാത്രം മരിച്ചെന്നാണ് റിപ്പോർട്ടുകൾ. പാമ്പിലോ വവ്വാലിൽ നിന്നോ ആണ് വൈറസ് പകർന്നതെന്ന് സംശയിക്കുന്നു.
മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗം പൊട്ടി പുറപ്പെട്ട വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ചൈനയില്‍ 470 പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ പേർ നിരീക്ഷണത്തിലുണ്ട്. വുഹാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.