ന്യൂഡെൽഹി : ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി ആരോഗ്യ വിദഗ്ധർ. രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനളും വ്യക്തമാക്കി.
ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് രാജ്യത്ത് സമൂഹ വ്യാപമുണ്ടായതായി പറയുന്നത്.
പല തരത്തിലുള്ള പകർച്ച വ്യാധികളെ കൈകാര്യം ചെയ്തതിന്റെ ദീർഘകാല അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ മൂലമാണ് രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം കൂടുന്നതിൽ കാരണമായത് എന്നാണ് ഇവർ പറയുന്നത്. രോഗവ്യാപനത്തെക്കുറിച്ച് ധാരണയുള്ള പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധരുമായി കേന്ദ്രസര്‍ക്കാര്‍ ആദ്യമേ
ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രതിരോധ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമായിരുന്നു. പകർച്ചവ്യാധി നേരിട്ട് കൈകാര്യം ചെയ്യാത്തവരാണ് സർക്കാറിന് ഉപദേശം നൽകിയത്. മുന്നൊരുക്കമില്ലാതെയുള്ള ലോക് ഡൗൺ പോലുള്ള തീരുമാനിച്ചത് സർക്കാരിന് തന്നെ അവസാനം തിരിച്ചടിയായി മാറിയിരിക്കുകയാണ് .
ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതിന്റെ വിലയാണ് ഇപ്പോള്‍ രാജ്യം നല്‍കേണ്ടിവരുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്.
ഭൂരിഭാഗം കേസുകളും ലക്ഷണങ്ങളില്ലാത്തതോ കുറച്ചു ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയതിനാൽ ആശുപത്രിയിൽ പ്രവേശിക്കുന്നതിനുപകരം വീട്ടിൽ തന്നെ ചികിത്സിക്കാൻ ആണ് ഇവർ ശുപാർശ ചെയ്യുന്നത്. പകർച്ചവ്യാധി ആരംഭിച്ച സമയത്തു തന്നെ കുടിയേറ്റക്കാരെ നാട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്നെങ്കിൽ, കുടിയേറ്റ തൊഴിലാളികൾ ഇത്രേം ദുരിതങ്ങൾ അനുഭവിക്കേണ്ടി വരികയില്ലായിരുന്നു. കൂടാതെ ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയുമാണെന്നും ഇവർ പറയുന്നു
ലോക്ക് ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ വിവിധ ഇടങ്ങളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടി. പലരും മരണപ്പെട്ടു. ഇത് കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.