കൊച്ചി: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല എന്ന പ്രതിഭാഗം അഭിഭാഷകന്റെയും സർക്കാർ അഭിഭാഷകന്റെയും വാദത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും ശരിയായ വസ്തുത കോടതിയെ ധരിപ്പിക്കുന്നതിൽ പിഴവ് പറ്റി എന്നും കാണിച്ച് സർക്കാർ നൽകിയ ഹർജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
ആലപ്പുഴ തുറവൂർ സ്വദേശിനിയായ 17കാരിയെ വാൽപാറയിൽ വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എറണാകുളം കുമ്പളം മുട്ടിങ്കൽ സഫീർ ഷാ (32) വസ്തുതകൾ മറച്ചുവെച്ചാണ് ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പുനപരിശോധനാ ഹരജി നൽകിയത്. മെയ് 12ന് സിംഗിൾബെഞ്ച് അനുവദിച്ച ജാമ്യം പുനപരിശോധിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ജനുവരി ഏഴിന് പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ പ്രതി അറസ്റ്റിലാവുകയും 83 ദിവസം പിന്നിട്ടപ്പോൾ ഏപ്രിൽ ഒന്നിന് അന്വേഷണ സംഘം എറണാകുളം കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തതായി സർക്കാറിന്റെ ഹരജിയിൽ പറയുന്നു. എന്നാൽ, അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും നിയമപരമായ ലഭിക്കേണ്ട ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.