ന്യൂനമർദ്ദം നിസര്‍ഗ ചുഴലിക്കാറ്റാകും; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : കാലവര്‍ഷം ആരംഭിക്കാനിരിക്കുന്നതിന്റെയും, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന പ്രവചനത്തിന്റെയും പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേരളം. ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബിഎസ്എഫിന്റെ അംഫിബിയന്‍ വാഹനം (കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വാഹനം) ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ ഒരു ടീം പാലക്കാടും, രണ്ടാമത്തെ ടീം കണ്ണൂരും നിലനിര്‍ത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. നാളെ ഇത് നിസര്‍ഗ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ ജൂണ്‍ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.