കുവൈറ്റിൽ 851 പേർക്ക് കൂടി കൊറോണ ; രോഗമുക്തരാകുന്നവർ കൂടുന്നു

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈറ്റിൽ 851 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 3349 പേരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഇത്. രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം ഇതോടെ 27043 ആയി. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8290 ആയി.അതേ സമയം രോഗമുക്തിയുടെ കാര്യത്തിൽ വലിയ വർധനയുണ്ട്.

24 മണിക്കൂറിനിടെ 7 പേരാണ് കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചത്. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. കൊറോണ മൂലം കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 212 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവർക്ക് സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. രോഗമുക്തിയുടെ കാര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് ഉണ്ടായത്. പുതുതായി 1230 പേർ രോഗമുക്തി നേടി. കൊറോണ മുക്തരായവരുടെ എണ്ണം ഇതോടെ 11386 ആയി. നിലവിൽ 15445 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 200 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.