തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റന്നാള്‍ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് വടക്ക് ദിശയില്‍ സഞ്ചരിച്ച് ജൂണ്‍ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്. കേരളത്തില്‍ നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. ഇന്നും നാളെയും ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ ജൂണ്‍ 3 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നി ജില്ലകളില്‍ നാളെ ശക്തമായ മഴ ലഭിക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.