കടുത്തുരുത്തി: അധിക്യതരുടെ ഒത്താശയോടെ ലോക്ഡൗണ്‍ കാലത്ത് കടുത്തുരുത്തിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമായി. അലരി മേഖലയിൽ നിന്ന് കഴിഞ്ഞ അഞ്ചു ദിവസമായി വൻ തോതിൽ മണ്ണെടുപ്പ് നടന്നിട്ടും അധിക്യതർ കണ്ട ഭാവം നടിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വ്യാപകമായ മണ്ണെടുപ്പ് കുടിവെള്ള ക്ഷാമത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പ്രദേശവാസികൾ ഭയക്കുന്നു.
നാട്ടുകാരുടെയും സമീപ വാസികളുടെയും കണ്ണു വെട്ടിച്ച് നടത്തുന്ന മണ്ണ് കടത്ത് ഒട്ടേറെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വീതി കുറഞ്ഞ റോഡിലൂടെ അതിവേഗതയിൽ ചീറിപ്പായുന്ന ടിപ്പർ ലോറികൾ കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ജീവന് ഭീഷണിയായി കഴിഞ്ഞു. വെള്ളിയാഴ്ച കൈലാസപുരം അമ്പലത്തിന്റെ മുൻഭാഗത്തു മണ്ണുമായി വന്ന ടിപ്പർ ലോറിയിടിച്ചു ഒരു ബൈക്ക് യാത്രക്കാരാനു സാരമായി പരിക്കേറ്റു.
ദിവസേന നൂറു കണക്കിനു ടിപ്പറുകളിലാണ് ഇവിടെ നിന്നും മണ്ണു കൊണ്ടു പോകുന്നത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡിലൂടെയാണ് ടിപ്പറുകള്‍ അതിവേഗം മണ്ണുമായി പായുന്നത്. ഇതുമൂലം നാട്ടുകാര്‍ ആശങ്കയിലാണ്.
കെ എസ് പുരം ആനക്കുഴി ഭാഗത്ത് ജെസിബി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വലിയ കുന്നിടിച്ച് മണ്ണു കടത്തുന്നത്. മണ്ണുമായി പോയ ടിപ്പറിടിച്ച് ഇന്നലെ ഒന്‍പതു വയസുകാരനു പരിക്കേറ്റു.
കെ എസ് പുരത്ത് മണ്ണെടുപ്പ് നടക്കുന്ന വിവരം നാട്ടുകാര്‍ തഹസില്‍ദാരെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ തഹസില്‍ദാര്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഈ വിവരം മുൻകൂട്ടി അറിഞ്ഞ് തിരികെ പോയ ടിപ്പറിടിച്ചാണ് ഒന്‍പതു വയസുകാരനു പരിക്കേറ്റത്. കടയില്‍ പോയി വരികയായിരുന്ന കുട്ടിയുടെ സൈക്കിളില്‍ ടിപ്പറടിക്കുകയായിരുന്നു.സൈക്കളിനു മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങിയെങ്കിലും ലോറിയിടിച്ച് സൈക്കിളില്‍ നിന്ന് കുട്ടി തെറിച്ചു പോയതിനാല്‍ വലിയ അപകടം ഒഴിവായി.
അപകടങ്ങൾ പതിവായിട്ടും അധികൃതർ മണ്ണെടുപ്പ് തടയാൻ നടപടി സ്വീകരിക്കാത്തത് ഉന്നതങ്ങളിലെ സമ്മർദം കാരണമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.