കുവൈറ്റ്: രാജ്യം കഷ്ടപ്പാടുകളിലൂടെ കടന്നുപോയപ്പോൾ പൂർണ പിന്തുണ നൽകിയ പ്രവാസികളെ ഇപ്പോഴത്തെ കൊറോണ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കേണ്ടത് രാഷ്ട്രത്തിന്റെയും കേരളത്തിൻ്റെയും കടമയാണെന്ന് മുതിർന്ന ഭരണകർത്താവും കേന്ദ്ര സർക്കാർ തൊഴിൽ ഉപദേശക സമിതിയിലെ ഏകാംഗ വിദഗ്ധ കമ്മീഷനുമായ ഡോ. സി.വി ആനന്ദബോസ്. അതിനു കഴിയുന്നില്ലെങ്കിൽ അത് പരിഹാരമില്ലാത്ത പാപമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കുവൈറ്റ് എഫ് ബി ഗ്രൂപ്പ് കൊറോണാനന്തര ഭാരതം: മാർഗരേഖ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനെറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സാമൂഹ്യ സുരക്ഷാ ബോർഡും പ്രത്യേക സാമ്പത്തിക മേഖലകളും രൂപീകരിക്കണം. പട്ടിണി കൂടാതെ രാജ്യത്തെ കാത്ത പ്രവാസിയുടെ വിശ്വാസം തകരാൻ ഇടയാകരുത്. നിക്ഷേപ സന്നദ്ധതയോടെയെത്തുന്ന പ്രവാസിക്ക് സർക്കാർ സംവിധാനങ്ങളുടെ നിസഹകരണം മൂലം പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യൂവാണ് താനെന്ന് കരുതാൻ സാഹചര്യമുണ്ടാവരുതെന്ന് അദ്ദേഹം കൂട്ടിച്ചെർത്തു. കൊറോണാനന്തര ഭാരതത്തിന്റെ മുഖ്യ ശിൽപികൾ പ്രവാസികളായിരിക്കും. കൊറോണ പ്രതിസന്ധിയെ ഇന്ത്യ അതിജീവിക്കും. ഈ വെല്ലുവിളി അവസരങ്ങളാക്കി മാറ്റാൻ രാജ്യത്തിനു കഴിയണം. തിരിച്ചടിയിൽ നിന്ന് നവോൻമേഷത്തോടെ തിരിച്ചുവരുന്ന ഇന്ത്യയുടെ മഹത്തായ ചരിത്രം ഇവിടെ ആവർത്തിക്കപ്പെടുമെന്ന് ഡോ. ആനന്ദബോസ് നിരീക്ഷിച്ചു.
കൊറോണ അനന്തര കാലത്ത് ചൈനയിൽ നിന്ന് പറിച്ച് നടാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളെ കേരളത്തിലേക്ക് ഫലപ്രദമായി ആകർഷിക്കാൻ കഴിയണം. സമീപനത്തിൽ മാറ്റം വരുത്തി വേണം മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം സാധിക്കേണ്ടത്. പ്രവാസികളുടെ വിവിധ ഭാഷാ പ്രാവീണ്യവും ബഹുവൈദഗ്ധ്യവും കാര്യക്ഷമമായി ഉപയോഗപ്പെട്ടുത്തണം. വൈദഗ്ധ്യവത്ക്കരണത്തിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം.
ജൈവ കൃഷിയുടെ ഹബായി മാറാൻ നമ്മുടെ രാജ്യത്തത്തിനു കഴിയും. യൂറോപ്പിനെ തീറ്റിപ്പോറ്റുന്ന ഹോളണ്ടിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. വിളവെടുപ്പ് അനന്തര മാനേജ്മെന്റ് മുതൽ മൂല്യവർധന വരെ സമഗ്രതയുള്ള കാർഷിക സംരംഭകത്വമാണ് ഇതിനുണ്ടാവേണ്ടത്. പഞ്ചായത്ത്തലം മുതൽ അടിത്തറയിട്ട് ഹോർട്ടി കൾച്ചർ രംഗം വളർത്തിയെടുക്കണം. വികസിതമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും സുശിക്ഷിതമായ ആരോഗ്യ രംഗത്തെ മാനവ വിഭവശേഷിയും ആ . രംഗത്തും ആഗോള ഹബായി മാറാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് ഡോ. ആനന്ദ ബോസ് അഭിപ്രായപ്പെട്ടു.
കൊറോണാനന്തര കാലത്ത് ഉദാരവത്കരണത്തിന്റെ രൂപവും ഭാവവും മാറുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദഗ്ധ്യ മേഖലകളിലും നിക്ഷേപരംഗത്തും പ്രവാസികൾക്ക് നിരാശപ്പെടേണ്ടി വരില്ല. പാരമ്പര്യത്തിനും നാട്ടറിവുകൾക്കും ആയുർ വേദത്തിനും മുൻതൂക്കമുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസഭൂമിയിലെ ആശങ്കകൾ എംബസിയുടെ സമീപനം പലപ്പോഴും നീതി നിഷേധത്തോളമെത്തുന്നു വെന്ന് യോഗം വിലയിരുത്തി. അനുഭാവ പൂർണമായ കാഴ്ച്ചപ്പാടും ഭാരതീയ പ്രവാസികൾക്ക് വേണ്ടിയുള്ള ഇടപെടലും ഉണ്ടാകണം. വിവിധ തൊഴിൽ രംഗങ്ങളിലും നഴ്സിംഗ് രംഗത്തും പ്രവർത്തിക്കുന്നവരുടെ സങ്കീർണ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ അനുയോജ്യമായ അധികാര കേന്ദ്രങ്ങളിലെത്തിച്ച് പരിഹാരം തേടുവാൻ കഴിയണം.
ഇന്ത്യൻ സർക്കാരിന്റെ പ്രവാസികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാകണം.
നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് കൂടുതൽ വിമാന സർവീസുകൾ അനുവദിക്കണം. ഇപ്പോഴുള്ളത് അപര്യാപ്തം
മാനവികതയിൽ ഊന്നി ജീവിത പുനഃ ക്രമീകരണം
പ്രതിസന്ധിയെ അതിജീവിക്കാൻ മാനവികതയിൽ ഊന്നിയ ജീവിത ക്രമീകരണവും സാമൂഹ്യ ഇടപെടലുകളും
അക്കാദമിക് ഗവേഷണം
പ്രവാസി വിഷയങ്ങൾ, പ്രശ്നങ്ങൾ, പരിഹാരങ്ങൾ- ഇവയുടെ പഠനത്തിനും ഗവേഷണത്തിനും ദേശീയ സ്ഥാപനം – ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട് ഓഫ് എക്സ്പാട്രിയേറ്റ് സ്റ്റഡീസ്
ജേക്കബ് ചണ്ണപ്പേട്ട ആമുഖ പ്രഭാഷണം നടത്തി.ബാബുജി ബത്തേരി മോഡറേറ്ററായിരുന്നു. അഡ്വ. സൈമൺ അലക്സ്, ഡോ. അമീർ, തോമസ് മാത്യു കടവിൽ, ജേക്കബ് തോമസ് കടകംപള്ളിൽ, അഡ്വ. തോമസ് പണിക്കർ,ഡോ . ടി. എ. രമേശ്, രാജീവ് നടുവിലേമുറി, ഹംസ പയ്യന്നൂർ, കെ.പി സുരേഷ്, ബാബു ഫ്രാൻസീസ്, മോഹൻ ജോർജ്, അനിൽ ഫിലിപ്പ്, അലക്സ് മാത്യു, പ്രദീപ് കുമാർ, ബഷീർ ബാത്ത, ജിൻസ് പോൾ , ജോമോൻ എം മങ്കുഴിക്കരി എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.