ദുബായ്: ദുബായിൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട പള്ളികള്‍ തുറക്കാനൊരുങ്ങുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും(12 വയസില്‍ താഴെ) പള്ളികളിലേക്ക് പ്രവേശനമുണ്ടാവില്ല. ബാത്ത് റൂമുകളും വുളു(അംഗശുദ്ധി) എടുക്കുന്ന സ്ഥലവും അടഞ്ഞുകിടക്കും. അതേസമയം എന്നു മുതല്‍ പള്ളികള്‍ തുറക്കും എന്ന കാര്യം ഇസ്‌ലാമിക് അഫയേര്‍സ് ആന്‍റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് (ഐ.എ.സി.എ.ഡി) പറയുന്നില്ല.വിശദമായ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും പള്ളികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പള്ളികള്‍ തുറന്നാലും സ്ത്രീകളുടെ പ്രാര്‍ത്ഥനാ ഇടം അടഞ്ഞുതന്നെ കിടക്കും. ഓരോ പ്രാര്‍ത്ഥനക്ക് ശേഷം ഉടന്‍ തന്നെ പള്ളികള്‍ അടക്കും. പള്ളിയുടെ പ്രവേശന കവാടത്തിൽ മാസ്‌ക്കുകളും കയ്യുറകളും വെക്കാൻ അനുവദിക്കില്ല. ഭക്ഷണമോ മറ്റോ ആയ എല്ലാത്തരം വിതരണങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. ഓരോ രണ്ട് വ്യക്തികളും തമ്മിൽ 1.5 മീറ്റർ ദൂരം ഉണ്ടാവണം. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ ഓരോ രണ്ട് വരികൾക്കിടയിലും ശൂന്യമായ വിടവ് ഉണ്ടാവണം, കയ്യുറകളും മാസ്കും ധരിക്കല്‍ നിര്‍ബന്ധം തുടങ്ങിയ മാർഗനിർദ്ദേശങ്ങളും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്.