ആലപ്പുഴ: കൊറോണ ബാധിച്ചു വെള്ളിയാഴ്ച മരിച്ച ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) യുടെ സംസ്കാരം വൈകുന്നു. വെള്ളക്കെട്ട് കാരണം പ്രോട്ടോക്കോള്‍ പ്രകാരം കുഴിയെടുക്കാന്‍ മതിയായ സ്ഥലമില്ലാത്തതാണ് സംസ്ക്കാരം വൈകിപ്പിക്കുന്നത്. കൊറോണ ആന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം 12 അടി താഴ്ചയിലാണ് മൃതദേഹം സംസ്കരിക്കേണ്ടത്. എന്നാൽ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. വെള്ളക്കെട്ട് കാരണം 12 അടി താഴ്ച്ചയില്‍ കുഴിയെടുക്കാന്‍ സാധിക്കുന്നില്ല.
മെയ് 29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ് ആണ് മരിച്ചത്. സംസ്ഥാനത്തെ ഒമ്പതാമത്തെ കൊറോണ മരണമാണ് ഇത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ജോസ് ജോയി മരിച്ചത്. കടുത്ത കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെ അഞ്ചടിയിൽ കൂടുതൽ കുഴിക്കാനാവില്ല. വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. സംസ്‌കാരം നടത്താൻ ഉചിതമായ സ്ഥലം പഞ്ചായത്ത് പരിധിയിൽ ഇല്ലെന്ന് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂർ ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ ധാരണയായി. ആറ് മാസം മുമ്പാണ് ജോസ് ജോയ് ഗൾഫിലേക്ക് തിരികെ പോയത്. ഇപ്പോൾ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.