ഡെൽഹി എയിംസിൽ പതിനൊന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊറോണ

ന്യൂഡെൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ് ) രണ്ടു റെസിഡന്റ് ഡോക്ടർമാർ ഉൾപെടെ പതിനൊന്ന് ആരോഗ്യ പ്രവർത്തകർക്ക് വെള്ളിയാഴ്ച കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ എയിംസിലെ കൊറോണ ബാധിച്ച ജീവനക്കാരുടെ എണ്ണം 206 ആയി. 150 ൽ അധികം ആരോഗ്യ പ്രവര്ത്തകർ ഇതിനകം രോഗം ഭേദമായി ജോലിയിൽ തിരികെ പ്രവേഷിച്ചെന്ന് എയിംസ് മെഡിക്കൽ സൂപ്രണ്ട് ഡോ ഡി കെ ശർമ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി റെസിഡന്റ് ഡോക്ടർമാർ, നഴ്‌സുമാർ, ലബോറട്ടറി സ്റ്റാഫ്, ടെക്നീഷ്യൻമാർ, സാനിറ്റേഷൻ സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരുൾപ്പെടെ 64 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ പ്രവർത്തകർക്കായി എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഏതെങ്കിലും ആരോഗ്യ പ്രവർത്തകനു പോസിറ്റീവ് സ്ഥിരീകരിച്ചാൽ
ഉടൻ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു കോൺടാക്ട് ട്രൈസിങ് ആരംഭിക്കുമെന്നും ഡോ ശർമ പറഞ്ഞു. എയിംസിലെ സനിറ്റേഷൻ സൂപ്പർവൈസർ കഴിഞ്ഞ ദിവസം കൊറോണ രോഗബാധ മൂലം മരിച്ചിരുന്നു.