ഹൈദരാബാദ്: ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയ വിഷയത്തിൽ സർക്കാരിന് തിരിച്ചടി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ പുതുതായി നിയമിച്ച ജസ്റ്റിസ് വി കനഗരാജുവിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു. കൂടാതെ നിമ്മഗദ്ദ രമേശ് കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പുനർനിയമിക്കാൻ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി അഞ്ചിൽ നിന്ന് മൂന്ന് വർഷമായി കുറച്ചുകൊണ്ട് സർക്കാർ പാസാക്കിയ ഓർഡിനൻസും കോടതി റദ്ദാക്കി. മുഖ്യമന്ത്രി ജഗൻ റെഡ്ഡി സർക്കാർ ആണ് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പാസാക്കിയത്. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി വെട്ടിക്കുറയ്ക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുകയും സർക്കാർ പാസാക്കിയ ഓർഡിനൻസ് കോടതി റദ്ദാക്കുകയും ചെയ്യുകയായിരുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആറ് ആഴ്ചത്തേക്ക് മാറ്റിവച്ചതിനെ തുടർന്നാണ് വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ നിമഗദ്ദ രമേശിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയത്. കൂടാതെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ ആരോപിച്ചു
ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എം. സത്യനാരിയ മൂർത്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് രമേശ് കുമാറിന് പകരം മദ്രാസ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കനഗരാജുവിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയത്. പുനർനിയമന ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ തുടരാമെന്നും കോടതി പറഞ്ഞു.
നിമ്മഗദ്ദ രമേശ് ഇന്ന് ഉച്ചയോടെ ആന്ധ്ര എസ്‍ഇസി ആയി വീണ്ടും ചുമതലയേറ്റു. മുൻകാലങ്ങളിലെന്നപോലെ നിഷ്പക്ഷമായി ചുമതലകൾ നിർവഹിക്കുമെന്നും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ പുനരാരംഭിക്കുമെന്നും നിമ്മഗദ്ദ രമേശ് പറഞ്ഞു.