സ്‌കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

മലപ്പുറം: പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കുന്ന ഫീസുകളില്‍ പുതിയ വര്‍ഷം വര്‍ധന പാടില്ലെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ പുറപ്പടുവിച്ച ഉത്തരവിലുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ യൂണിഫോം മാറ്റവും ഫീസ് വര്‍ധനയും രക്ഷിതാക്കളെ പ്രയാസത്തിലാക്കുമെന്ന വിലയിരുത്തലാണ് നടപടി.

പുതിയ നിര്‍ദേശങ്ങള്‍ ഉത്തരവായി പുറപ്പെടുവിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സിബിഎസ്ഇ റീജിനല്‍ ഡയറക്ടര്‍,ഐസിഎസ്ഇ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം വര്‍ഷത്തിനിടയില്‍ മാറ്റരുതെന്ന് കമ്മീഷന്‍ നേരത്തെ ഉത്തരവിറങ്ങിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറും നിലവിലുണ്ട്.