ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍: വ്യാജ ആപ്പ് അപ്‌ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കു​റ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച്‌ 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യ ദിവസത്തെ ചില സാങ്കേതിക തടസമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച്‌ മുന്നോട്ട് പോവുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊറോണ മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് മദ്യവില്‍പ്പന നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച്‌ പ്ലേ സ്​റ്റോറില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കു​റ്റം ചുമത്തും.
പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം, ആപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പലര്‍ക്കും ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നു. ബുക്ക് ചെയ്തവര്‍ക്ക് ഒടിപി ലഭിച്ചില്ലെന്നും വൈകിയെന്നും പരാതിയുയര്‍ന്നു. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒന്നുവരെയായി ബുക്ക് ചെയ്യേണ്ട സമയക്രമം പുനര്‍ക്രമീകരിച്ചു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ചത്.