ന്യൂഡെൽഹി: ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി. ബസ്, ട്രെയിന്‍ ടിക്കറ്റിനുളള പണം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഭക്ഷണവും വെള്ളവും സംസ്ഥാനങ്ങള്‍ നല്‍കണം. ഇവ വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ പുറപ്പെടുന്ന സംസ്ഥാനവും എത്തുന്ന സംസ്ഥാനവും ചെലവ് പങ്കിടണമെന്നും കോടതി നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും യാത്രാ സൗകര്യവും സൗജന്യമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ ദുരിത വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ട്രെയിനിലോ ബസിലോ ടിക്കറ്റുകള്‍ക്ക് പണം ഈടാക്കരുത്. യാത്രയ്ക്കിടയില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം.
നടന്നുപോകുന്നവരെ ഉടന്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന രജിസ്ട്രേഷന് നടത്തണം. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ ഉടന്‍ വാഹനം ഏര്‍പ്പാടാക്കണം. ഇതിനായി കാലതാമസം അരുതെന്നും കോടതി ചൂണ്ടിക്കാട്ടി.