ഇന്ത്യാ- ചൈന സംഘർഷം ഉടൻ പരിഹരിക്കാൻ യു എൻ നിർദ്ദേശം

ന്യൂയോർക്ക്: ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരിക്കുന്ന സംഘർഷങ്ങളിൽ ഉടൻ തന്നെ പരിഹാരം കാണണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള ആളിനെ മധ്യസ്ഥനായി വെച്ചുകൊണ്ട് കാര്യങ്ങൾ പരിഗണിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.

അതിര്‍ത്തി മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന പുറത്തുവരുന്നത്.

ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം, അക്കാര്യത്തിൽ യു.എന്നിന് അഭിപ്രായങ്ങളൊന്നിമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തിരസ്‌കരിക്കുകയായിരുന്നു. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കമാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.