ന്യൂഡൽഹി: കൊറോണ പരിശോധനക്കുള്ള സ്വകാര്യ ലാബുകളുടെ നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം. പഴയ നിശ്ചിത നിരക്ക് കേന്ദ്രം പിൻവലിച്ചു. രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപെടുത്തി പരിശോധന മാനദണ്ഡം മാറ്റാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ചു.
നിലവിൽ 4500 രൂപയാണ് കൊറോണ പരിശോധനക്ക് ഈടാക്കുന്നത്. ഇൗ നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതിലും കൂടുതൽ ആണെന്നും ഐസിഎംആർ ഇൗ നിരക്ക് പുനഃപരിശോധിക്കണം എന്നും സുപ്രീം കോടതിയിൽ അടക്കം ഹർജി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിരക്ക് പിൻവലിക്കാൻ തീരുമാനം ആയത്.
നിരക്ക് കുറക്കുന്നതോടെ കൂടുതൽ പരിശോധനകൾ ലാബുകളിൽ നടത്താം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനാൽ ലാബുകളിൽ കൂടുതൽ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനക്കാർക്കും ആണ് മുൻഗണന നൽകിയിരുന്നത് എങ്കിൽ പുതിയ നിർദ്ദേശപ്രകാരം പോലീസുകാർ, സെക്യൂരിറ്റി ജീവനക്കാർ, ബസ് ജീവനക്കാർ, വഴിയോര കച്ചവടക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരെ ആദ്യം പരിശോധിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.