ഒരു മണിക്കൂറിനിടെ 52 വാവലുകള്‍ ചത്തു; ജനങ്ങൾ ആശങ്കയിൽ

ഗൊരക്പൂർ: ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെചത്തതോടെ നാട്ടുകാർ ആശങ്കയിലായി. ചൊവ്വാഴ്ച രാവിലെയാണ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.വവ്വാലുകൾ കൂട്ടത്തോടെ ചാത്തോടുങ്ങിയത് പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഗൊരക്പൂരിലെ ബേല്‍ഘട്ടില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനിടെ 52 വവ്വാലുകളാണ് ചത്തുവീണത്.

വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് കൊറോണ വൈറസ് മൂലമാണോ എന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍.
എന്നാൽ അമിത ചൂട് മൂലം വവ്വാലുകൾ ചത്തുപോയതാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു

വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആർഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തില്‍ യഥാര്‍ഥ കാരണം അറിയാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് പൂന്തോട്ടത്തിലെ മാവിനടുത്ത് നിരവധി വവ്വാലുകൾ ചത്തു കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. എന്റെ പൂന്തോട്ടത്തോട് ചേർന്ന് മറ്റൊരു പൂന്തോട്ടത്തിലും ധാരാളം വവ്വാലുകൾ ചത്തു കിടക്കുന്നതും പിന്നീട് കണ്ടു എന്നാണ് ബെൽഘട്ടിലെ പങ്കജ് ഷാഹി പറഞ്ഞത്.
ഞങ്ങൾ വനംവകുപ്പിനെ അറിയിച്ചു, അവർ ചത്ത വവ്വാലുകളെ എടുത്ത് പരിശോധിച്ചു. കടുത്ത ചൂട് കാരണമായിരിക്കാം ചത്തതെന്നും അതിനാൽ അവയ്ക്ക് കുടിക്കാൻ വെള്ളം സൂക്ഷിക്കാനും ആവശ്യപ്പെട്ടു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഉത്തരേന്ത്യയിൽ തീവ്ര ഉഷ്ണ തരംഗമാണ് ഇപ്പോൾ. 45 ഡിഗ്രി സെൽഷ്യസ് വരെയാണ് ചിലയിടങ്ങളിലെ താപനില. അതിനാൽ ചൂടുകാരണമാകും ഇവ കൂട്ടത്തോടെ ചത്തത് എന്നാണ് പ്രാഥമിക നിഗമനം.