ഊബര്‍ ഇന്ത്യ 600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

ന്യൂഡെൽഹി : ലോക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ തങ്ങളുടെ 25 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഊബര്‍ ഇന്ത്യ. ഇതുവഴി 600ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. എന്നാൽ തൊഴിൽ നഷ്ടപ്പെടുന്നുവർക്ക് പത്ത് ആഴ്ചയിലെ വേതനവും ആറുമാസത്തേയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് എന്നീ തസ്തികകളെയാണ് കമ്പനി വെട്ടിക്കുറച്ചതെന്നും ഊബർ അറിയിച്ചു. ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു.

രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നാലാം ഘട്ടത്തിൽ തുടരുന്ന സമയത്താണ് ഉബർ ഇന്ത്യയുടെ നീക്കം, ലോക് ഡൗൺ മൂലം സമ്പദ്‌വ്യവസ്ഥയെ സ്തംഭനാവസ്ഥയിലാക്കുകയും നിരവധി ബിസിനസുകളെ തൊഴിൽ ശക്തി കുറയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

നേരത്തെ ഉബർ ഇന്ത്യയുടെ മാതൃസ്ഥാപനമായ ഊബർ ടെക്നോളജീസ് 23 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മെയ് 20ന് ഊബറിന്റെ എതിരാളി ഒല 1400പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു.