സൗദിയില്‍ അഞ്ച് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു

റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32) ജുബൈലില്‍ ആണ് മരിച്ചത്.

ഇതോടെ കൊറോണ ബാധിച്ച് സൗദിയിൽ മരിച്ചവരുടെ എണ്ണം 24 ആയി. മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് മകൻ എ.കെ.അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലാണ് മരിച്ചത്. സാംസങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ‌ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലാണ് മരണപ്പെട്ടവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംങ്ഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി കൊറോണ വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടിയത്. ഷാനവാസിന് ഇന്നലെ വൈകിട്ടോടെ അസൂഖം മൂര്‍ച്ചിക്കുകയായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.