വാതക ചോർച്ച; എൽജി പോളിമേഴ്സിൻ്റെ വസ്തുവകകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി

ഹൈദരാബാദ്: വിശാഖപട്ടണത്ത് വാതക ചോർച്ചയ്ക്കിടയാക്കിയ എൽജി പോളിമേഴ്സ് കമ്പനിയുടെ വസ്തുവകകൾ പിടിച്ചെടുക്കാനും കമ്പനിയുടെ സ്ഥാവര-ജംഗമ സ്വത്തുക്കളും കോടതിയുടെ അനുവാദമില്ലാതെ മറ്റൊരിടത്തേയ്ക്ക് മാറ്റാൻ പാടില്ലെന്നും ഹൈക്കോടതി വിധിച്ചു. കൂടാതെ കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടർമാരെ രാജ്യം വിടാൻ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.

വാതക ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സമയത്ത് കോടതിയുടെ അനുമതിയില്ലാതെ എന്തിനാണ് സ്റ്റൈറൈൻ ഗ്യാസ് ദക്ഷിണ കൊറിയയിലേക്ക് മാറ്റാൻ കമ്പനിയെ അനുവദിച്ചതെന്നും അതിന് ആരാണ് ഉത്തരവാദിയെന്നും മറുപടി നൽകാൻ ആന്ധ്ര പ്രദേശ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ കാലയളവിൽ പ്രവർത്തനം പുനരാരംഭിക്കാൻ എൽജി പോളിമർമാർ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

എൽജി പോളിമേഴ്സിന് പ്രവർത്തിക്കുന്നതിന് പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും റെയിൽവേ സ്റ്റേഷനും എയർപോർട്ടും കമ്പനിയുടെ അപകടസാധ്യതാ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിലും വിശദീകരണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.