മുംബൈ: ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കിയതിനെ തുടർന്ന് ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം. കൊറോണ മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൗണിനു ശേഷം ഇന്നാണ് ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചത്. എന്നാൽ ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്നുമുള്ള 80 വിമാന സർവിസുകള്‍ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
വിമാനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമാണ് വിമാന സർവിസുകൾ റദ്ദാക്കിയ വിവരം അറിയുന്നത്. അവസാന നിമിഷം വരെയും വിമാനം റദ്ദാക്കുന്ന വിവരം അറിയിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ദേഷ്യപ്പെട്ടു.
ഡൽഹിക്ക് പുറമെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലും സമാന സംഭവങ്ങളാണ് ഉണ്ടായത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാർ വിമാനത്താവളത്തിന് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
രാജ്യത്തെ തിരക്കേറിയ രണ്ടു വിമാനത്താവളങ്ങളാണ് ഡൽഹിയും മുംബൈയും. ലോക്ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്തരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് വിമാന സർവിസുകൾ ഇന്ന് പുനരാരംഭിച്ചത്.