റിയാദ്: സൗദി ജയിലുകളില്‍ കഴിഞ്ഞ മലയാളികളടക്കമുള്ള 210 തടവുകാരെ നാട്ടിലെത്തിച്ചു. ദമ്മാമിലും റിയാദിലുമുള്ള നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ഇന്ത്യക്കാരെയാണ് സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ഇടപെടല്‍ മൂലം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 61 പേരും റിയാദില്‍ നിന്നുള്ള 149 പേരുമാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയത്.
സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണിവരെ നാട്ടിലെത്തിച്ചത്. ഇതില്‍ 23 പേര് മലയാളികളാണ്. ഹൈദരാബാദിലെത്തിയ മലയാളിള്‍ അവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനു ശേഷം ഇവരെ നോര്‍ക്കയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കും. തൊഴില്‍-താമസ നിയമലംഘനത്തിന് പിടിയിലായ ഇവര്‍ക്ക് സൗദി സര്‍ക്കാരാണ് ഇന്ത്യയിലേക്കുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തിയത്.
കൊറോണ പ്രതിസന്ധിക്കിടയില്‍ വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ നിരവധി പേര് നാട്ടിലെത്താന്‍ കഴിയാതെ പ്രയാസപ്പടുമ്പോഴാണ് ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളില്‍ പിടിക്കപെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നാടണയാന്‍ സൗദി അധികൃതര്‍ അവസരമൊരുക്കിയത്.