ന്യൂഡെല്‍ഹി: നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ (എന്‍ജിടി) ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ എന്‍ജിടി ഓഫീസ് അടച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ സ്റ്റാഫുകളെയും 14 ദിവസത്തെ സ്വയം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്‍ജിടി ഓഫീസും പരിസരവും അണുവിമുക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നു മുതല്‍ പൊതുജനങ്ങളെയോ ഉദ്യോഗസ്ഥരെയോ അഭിഭാഷകരേയോ ഒന്നും തന്നെ ഓഫീസിനുള്ളില്‍ കയറാന്‍ അനുവദിക്കില്ല. എന്‍ജിടി സര്‍ക്കുലര്‍ പ്രകാരം കൊറോണ പോസിറ്റീവ് സ്ഥീരീകരിച്ച ഉദ്യോഗസ്ഥന് ജെനറല്‍ അഡ്മിനിസ്ടേഷന് വിഭാഗത്തില്‍ നിയമിതനായിരുന്നു.
ഇദ്ദേഹം മെയ് 19ന് ഓഫീസില്‍ എത്തിയിരുന്നു. ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അണുബാധ കൂടുതല്‍ പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇത് ഒഴവാക്കാനായാണ് ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടത് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ ആരംഭിക്കുമെന്നും ഓഫീസ് തുറക്കുന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പിന്നീട് എടുക്കുമെന്നും എന്‍ജിടി അതോറിറ്റി അറിയിച്ചു.