ന്യൂഡെൽഹി: കൊറോണ മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രിക്കും സംഘത്തിനും തനിച്ചു കഴിയില്ലെന്നും കഴിവുള്ളവരുടെ ഉപദേശം തേടണമെന്നും
മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ പറഞ്ഞു.
ഇന്ത്യ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കഴിവുള്ളവർക്ക് ഇന്ത്യയിൽ ക്ഷാമമില്ല. എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് ഒറ്റയ്ക്ക് ചെയ്യാനാവില്ല. കഴിവുറ്റവരെ പുറത്തു നിന്നും കൊണ്ടുവരണം. ബിജെപിയിൽ തന്നെ കഴിവു തെളിയിച്ച മുൻ ധനമന്ത്രിമാരുണ്ട്. ഇവരുടെ ഉപദേശം ചെവിക്കൊളളണം എന്നാണ് രഘുറാം രാജൻ പറയുന്നത്. ഈ ദുരിത ഘട്ടത്തിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമാവരുത്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ മഹാമാരിക്ക് മുൻപ് തന്നെ ഇന്ത്യൻ സാമ്പത്തിക രംഗം തകർച്ച നേരിട്ടു വരികയായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നുള്ള കൃത്യമായ ധാരണ ഈ ഘട്ടത്തിൽവേണം. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ ആദ്യം തന്നെ അംഗീകരിക്കണം. യാഥാർത്ഥ്യ ബോധത്തിൽ അടിയുറച്ചുള്ള സമീപനമാണ് വേണ്ടത്.
കുറെ ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്ക് നൽകിയതുകൊണ്ടു മാത്രം ഇവരുടെ പ്രശ്നങ്ങൾ തീരുന്നില്ല. പച്ചക്കറികളും പാചകത്തിനുള്ള എണ്ണയും മറ്റും വാങ്ങാൻ ആളുകൾക്ക് പണം വേണം. പ്രായമായവരെ പരിപാലിക്കുന്നതിനും പണം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പണം നേരിട്ട് കൈമാറണമെന്നത് ഈ ഘട്ടത്തിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. ജനങ്ങളുടെ പട്ടിണി മാറ്റുകയാണ് കൂടുതൽ പ്രധാനം. 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ വളരെ വലിയ തുകയൊന്നും ഇതിനായി വേണ്ടി വരില്ലയെന്നും അദ്ദേഹം പറഞ്ഞു.
അടിത്തട്ടിൽ കാര്യങ്ങൾ ചെയ്യുന്നത് സംസ്ഥാന സർക്കാരുകളാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരുകളെ ഓരോ കാര്യത്തിലും കൈപിടിച്ചു നടത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കരുതെന്നും മൈക്രോ മാനേജ്മെന്റ് സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കാന്നതാണ് എന്തുകൊണ്ടും നല്ലതെന്നും അദ്ദേഹം ചൂണ്ടി കാട്ടി