ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. ബാഗ്ലൂര് -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും. കോഴിക്കോട് -ചെന്നൈ, തിരുവനന്തപുരം -ചെന്നൈ, ഹൈദരാബാദ് – കൊച്ചി, ഉള്‍പ്പടെയുള്ള യാത്രക്ക് 2500 മുതല്‍ 7500 രൂപ വരെയാണ് നിരക്ക്.
കൊച്ചി -ഡല്‍ഹി, കോഴിക്കോട് – ഡല്‍ഹി യാത്രക്ക് 5500 രൂപ മുതല്‍ 15700 രൂപ ഈടാക്കും. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത്.