കേരളത്തിൽ 24 പേർക്ക് കൊറോണ ; 23 പേർ മടങ്ങിയെത്തിയവർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്‌ 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ-2 വീതം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസർകോട്1 വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. 5 പേര്‍ രോഗമുക്തി നേടി. തൃശൂർ 2, കണ്ണൂർ, വയനാട്, കാസർകോട് ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 161 പേർ നിലവിൽ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 6900 സാംപിൾ ശേഖരിച്ചതിൽ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല.

നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൌണിൽ ചില ഇളവു വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്.

മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. കണക്കുകൾ പരിശോധിച്ചാൽ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പൊസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി.