തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ജില്ലകൾക്കുള്ളിൽ ഓടി തുടങ്ങി. ബസുകളിൽ യാത്രക്കാർ വളരെ കുറവാണ്. ഉച്ചയോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് അധിക്യതർ പ്രതീക്ഷിക്കുന്നു. എന്നാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങില്ലെന്നാണ് സൂചന. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സര്‍വീസ് നടത്തുക.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിച്ചത്. 12 രൂപയാണ് മിനിമം ചാർജ്. എല്ലാ സർവീസുകളും ഓർഡിനറി സർവീസുകളാണ്. ജില്ലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും നിർത്തും. സീറ്റുകൾ ഒഴിവില്ലെങ്കിൽ ആളുകളെ കയറ്റില്ല. 23 മുതല്‍ 27വരെ യാത്രക്കാരെയാണ് ഒരു ബസില്‍ കയറ്റുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതാണ്. സാനിടൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കൂ. ബസിന്റെ പുറകുവശത്ത് കൂടി മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുള്ളു. മുന്‍വാതിലിലൂടെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുള്ളു. 3 പേരുടെ സീറ്റിൽ 2 പേരും 2 പേരുടെ സീറ്റിൽ ഒരാളെയുമാണു യാത്ര ചെയ്യാൻ അനുവദിക്കുന്നത്.
1850 ബസുകളാണ് നിരത്തിലിറങ്ങുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.
കഴിഞ്ഞ ദിവസം ആരംഭിച്ച സ്പെഷൽ സർവീസുകളും ഇന്നുമുതൽ സാധാരണ സർവീസിന്റെ ഭാഗമാകും. ബസുകളുടെ സമയക്രമം ഇന്നത്തെ തിരക്കുനോക്കി നിശ്ചയിക്കും. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയും തിരക്കുളള സമയത്തു കൂടുതൽ സർവീസുകൾ നടത്തും. പ്രതിദിനം 5.5 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
കൊറോണ പശ്ചാത്തലത്തില്‍ കറന്‍സി ഉപയോഗം പരമാവധി കുറച്ച് കോണ്ടാക്ട്ലെസ്സ് ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റത്തിലേക്ക് മാറി.കാര്‍ഡ് ബസ് കണ്ടക്ടറുടെ പക്കല്‍ നിന്നും വാങ്ങാം. നൂറ് രൂപ മുതല്‍ തുക നല്കി റീച്ചാര്‍ജ് ചെയ്യാം. ബസ് ഡിപ്പോയില്‍ നിന്നും ചാര്‍ജ് ചെയ്യാവുന്നതാണ്. റീച്ചാര്‍ജ് ചെയ്ത തുക തീരും വരെ കാലപരിമിതയില്ലാതെ ഇത് ഉപയോഗിക്കാനാകും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കറന്‍സി ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയുന്ന, കൊറോണ രോഗവ്യാപന സാധ്യത ഇല്ലാത്ത അപകടരഹിതമായ ആധുനിക കാര്‍ഡുകളാണ് നടപ്പിലാക്കുന്നത്. ‘ചലോ’ എന്ന കമ്പനിയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഈ പ്രോജക്ട് നടപ്പിലാക്കുന്നത്.
ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുമുള്ള സെക്രട്ടറിയേറ്റ് സര്‍വ്വീസ് ബസ്സുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആദ്യം നടപ്പിലാക്കുന്നത്. പരീക്ഷണം വിജയമായാല്‍ എല്ലാ കെ.എസ്.ആര്.ടി.സി ബസുകളിലും ഈ സംവിധാനം നടപ്പില്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു.