ഉംഫുൻ ചുഴലിക്കാറ്റ്; ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിൽ

ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംഫുൻ ചുഴലിക്കാറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാൾ തീരംതൊടും. മണിക്കൂറിൽ 155-165 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. ഇത് ചിലപ്പോൾ 185 കിലോമീറ്റർ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും തിരമാല നാലഞ്ച് മീറ്റർവരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകള്‍ക്കിടയിലൂടെയാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുർ, വടക്കും തെക്കും 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത ജില്ലകളിൽ അതി തീവ്ര ചുഴലിക്കാറ്റായി ഉംഫുൻ ആഘാതമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

12 മണിക്കൂര്‍ കൊണ്ടാണ് ഉംഫുൻ അതി തീവ്ര ചുഴലിയായി മാറിയത്. കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് പശ്ചിമബംഗാളിൽ വീശിയ ‘ബുൾബുൾ’ ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ളതാണ് ഉംഫുൻ. ബംഗാള്‍, ഒഡിഷ തുടങ്ങി വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീൻപിടിത്തക്കാർ നാളെവരെ കടലിൽപോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.