എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ കേന്ദ്രങ്ങള്‍ മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം.പരീക്ഷ കേന്ദ്രം മാറ്റുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മറ്റ് ജില്ലകളില്‍ പെട്ടുപോയവര്‍ക്കാണ് അവസരം. എന്നാല്‍ ജില്ലകളില്‍ കേന്ദ്രം മാറാന്‍ അനുവദിക്കില്ല. മറ്റന്നാള്‍ വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞാണ് പരീക്ഷ മാറ്റിവയ്ക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്. സാമൂഹിക അകലം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ഒരു ഭീതിക്കും അടിസ്ഥാനമില്ല. ക്വാറന്റീനിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാര്‍ക്ക്, ബസുകള്‍ ഉള്‍പ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കും.

ഗള്‍ഫ് മേഖലയില്‍ പരീക്ഷ സെന്ററുകള്‍ ഒരുക്കാന്‍ ശ്രമിക്കും. ബുദ്ധിമുട്ട് നേരിട്ടാല്‍ അവിടങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ടി വരും. എല്ലാവരും നല്ലനിലയ്ക്ക് പരീക്ഷയ്ക്ക് തയാറെടുക്കുക. നല്ലനിലയ്ക്ക് പരീക്ഷ പാസാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു.