കോഴിക്കോട് : ശക്തമായ മഴയെ തുടർന്ന് സപ്ലൈകോ ഗോഡൗണ്‍ ചോര്‍ന്ന് ഒലിച്ച് 1000 കിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു പോയി. കോഴിക്കോട് ജില്ലയിലെ നടുവട്ടം സപ്ലൈകോ ഗോഡൗണ്‍ ചോർന്നൊലിച്ചാണ് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചത്.
സപ്ലൈകോ ഗോഡൗണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് രാവിലെ എത്തിയപ്പോഴാണ് ഭക്ഷ്യധാന്യങ്ങളില്‍ വെള്ളം കയറിയ വിവരം അറിയുന്നത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. 600 കിന്റല്‍ അരിയും 400 കിന്റല്‍ പരിപ്പുമാണ് വെള്ളം വീണ് നശിച്ചിരിക്കുന്നത്.
ബാക്കിയുള്ള സാധനങ്ങൾ മറ്റൊരു ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് സൂക്ഷിച്ചുവെച്ച ധാന്യങ്ങളാണ് നശിച്ചതിലേറെയും. എന്നാൽ കരാറുകാരന്റെ അനാസ്ഥമൂലമാണ് ധാന്യങ്ങള്‍ നശിച്ചതെന്നാണ് സപ്ലൈകോയുടെ വാദം. ഗോഡൗണിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ കരാര്‍ ഉടമ തയ്യാറായില്ലന്ന വാദത്തിലാണ് സപ്ലൈകോ ഉദ്യോഗസ്ഥര്‍. ഇത് ചൂണ്ടിക്കാട്ടി സപ്ലൈകോ കരാറുകാരനെതിരെ ബേപ്പൂര്‍ പോലീസില്‍ പരാതി നല്കി.