ഭക്ഷ്യ വിതരണ കമ്പനി സ്വിഗ്ഗി 1,100 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡെൽഹി: കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 1,100 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിയിച്ചു.

നിർഭാഗ്യകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരുന്നതിനാൽ ഇന്ന് സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഖകരമായ ദിവസമാണ്, അടുത്ത ഏതാനും ദിവസങ്ങളിൽ നഗരങ്ങളിലെയും ഹെഡ് ഓഫീസുകളിലെയും ഗ്രേഡുകളിലും ജോലി ചെയ്യുന്ന ഞങ്ങളുടെ 1,100 ജീവനക്കാരുമായി പിരിഞ്ഞുപോകണം എന്നാണ് കമ്പനിയുടെ സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി പറഞ്ഞത്.

കാര്യങ്ങൾ പരിഹരിക്കപ്പെട്ടാലും ഡെലിവറി ബിസിനസ്സിനും ഡിജിറ്റൽ വ്യാപാരത്തിനും കോവിഡ് ദൂരവ്യാപക പ്രതിസന്ധിയുണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം എത്രത്തോളം നിലനിൽക്കുമെന്ന് ആർക്കും അറിയില്ല. അതിനാൽ ശക്തരാകാനായി കൂടുതൽ തയ്യാറാകേണ്ടതുണ്ടെന്നും ശ്രീഹർഷ കൂട്ടിച്ചേർത്തു. അതേസമയം പ്രതിസന്ധിയിലായ എല്ലാ ജീവനക്കാർക്കും സ്വിഗ്ഗി കുറഞ്ഞത് മൂന്ന് മാസത്തെ ശമ്പളം നൽകുമെന്നും സ്വിഗ്ഗി അറിയിച്ചു.

കൊറോണ പ്രതിസന്ധി മൂലം സൊമാറ്റാ തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയുടെ നീക്കം. തൊഴിലാളികളിൽ 13% പേരെ പിരിച്ചുവിടുമെന്നാണ് സൊമാറ്റോ പ്രഖ്യാപിച്ചത്.