ജനീവ : കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്ത് എത്തി. ഇന്ന് ആരംഭിക്കുന്ന 73-ാമത് ലോകാരോഗ്യ അസംബ്ലി (ഡബ്ല്യുഎച്ച്എ) യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് രാജ്യങ്ങൾ ഇത്തരത്തിൽ ഒരാവശ്യം മുൻപോട്ടു വെച്ചിരിക്കുന്നത്.
കൂടാതെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന എടുത്ത (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും പ്രതിസന്ധിയെ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപെട്ടിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ‘നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ’ അന്വേഷണം വേണം. അതു കൂടാതെ ലോകാരോഗ്യ സംഘടനയുടെ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട എടുത്ത സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണം എന്നാണ് കരട് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
മറ്റു രാജ്യങ്ങളോട് കൂടി ആലോജിച്ച പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തൽ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യസംഘടന എടുത്ത കൊറോണ പ്രതിരോധ നടപടികൾ വിലയിരുത്തണം എന്നും കരട് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന്
കഴിഞ്ഞ മാസം ഓസ്‌ട്രേലിയ ആവിശ്യപെട്ടിരുന്നു. അതേസമയം കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത് “വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്” ഓർമ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.
അതേസമയം രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയോ വുഹാൻ നഗരത്തെയോ കുറിച്ച് പ്രമേയം പരാമർശിച്ചില്ല. ജപ്പാൻ, യുകെ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ എന്നിവയാണ് യൂറോപ്യൻ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങൾ.