വാഷിംഗ്ടൺ: ‘ആപ്പിൾ പിടിക്കാൻ’ അധിക ടാക്സ് ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി ട്രംപ്. കൊറോണ പകർച്ചവ്യാധിയെ തുടർന്ന് ചൈനയിൽനിന്ന് മാറുന്ന ആപ്പിൾ അടക്കമുള്ള ബഹുരാഷ്‌ട്ര കമ്പനികൾ അമേരിക്കയെ തഴയുന്നതിനെതിരെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി. ചൈനയിൽ നിന്ന് ഇന്ത്യ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനികൾ മാറ്റുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആപ്പിൾ പോലുള്ള അമേരിക്കൻ കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് വിരട്ടുന്നു.
അമേരിക്കയെ പരിഗണിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് പോയാൽ അധികനികുതി ചുമത്തുമെന്നാണ് ഭീഷണി. ബഹുരാഷ്‌ട്ര കമ്പനികളെ തിരിച്ചുകൊണ്ടുവരാനാണ് ട്രംപിന്റെ പുതിയ വിരട്ട്. ആപ്പിൾ അവരുടെ ഉൽപ്പന്നത്തിന്റെ 100 ശതമാനം അമേരിക്കയിൽ തന്നെ നിർമ്മിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ആപ്പിൾ തങ്ങളുടെ ഉൽപാദനത്തിന്റെ ഒരു പ്രധാന ഭാഗം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ട്രംപിൻ്റെ ഭീഷണി. വിപുലമായ ഇന്ത്യൻ മാർക്കറ്റും അനുകൂല ഏഷ്യൻ സാഹചര്യങ്ങളുമാണ് ഇന്ത്യയിലേക്ക് മാറാൻ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്. ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൈനയിൽ ഉൽപ്പാദിപ്പിക്കുന്ന നിരവധി ടെക് കമ്പനികളുടെ വിതരണ ലൈനുകൾ തടസ്സപ്പെട്ടിരുന്നു.
ചൈനയെ വിശ്വസിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് അവർ കൂട്ടത്തോടെ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുകയാണ്. അക്കൂട്ടത്തിലാണ് ആപ്പിൾ ഇന്ത്യയിലേക്ക് മാറാൻ ആഗ്രഹിച്ചത്.
എന്നാൽ ട്രംപിൻ്റെ വിരട്ടൽ ഇങ്ങനെയാണ് “ഞങ്ങൾ അവർക്കായി കൂടുതൽ ചെയ്യേണ്ടതില്ല. അവർ ഞങ്ങൾക്ക് വേണ്ടി അത് ചെയ്യണമെന്നും ഉൽപ്പാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആഗ്രഹിക്കുന്നു. അമേരിക്ക ആപ്പിളിന് ഒരു ചെറിയ ഇടവേള നൽകിയിരുന്നു. പക്ഷേ ഞങ്ങൾ ഇത് ഇനി അനുവദിക്കുന്നില്ല. മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ ഞങ്ങളുടെ സ്വന്തം അതിർത്തി സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എന്നാണ് പ്രസിഡൻ്റിൻ്റെ താക്കീത്.