രാഷ്ട്രപതി ഭവനിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൊറോണ ; നിരവധി ഉദ്യോഗസ്ഥർ ക്വാറൻ്റയിനിൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കായി നിയോഗിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ രാഷ്ട്രപതിഭവനിലെ നിരവധി പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു. രാഷ്ട്രപതി ഭവന്റെ ഉള്ളിൽ തന്നെയാണ് എസിപിയുടെ ഓഫീസും പ്രവർത്തിക്കുന്നത്.
അതേസമയം പ്രസിഡന്റ് സെക്രട്ടറിയേറ്റിലെ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.കഴിഞ്ഞ മാസം ജീവനക്കാരുടെ ബന്ധുക്കളിലൊരാൾ കൊറോണ ബാധയെത്തുടർന്ന് മരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവന സമുച്ചയത്തിലെ 115 ഓളം വീടുകളിൽ താമസിക്കുന്നവരെ ക്വാറന്റീൻ ചെയ്തിരുന്നു.

കൊറോണ വൈറസിനെതിരെ പോരാടുന്നതിനു വേണ്ടി പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒരു വർഷത്തേക്കുള്ള ശമ്പളത്തിന്റെ 30 ശതമാനം പ്രതിരോധ പ്രവർത്തങ്ങൾക്ക് നൽകുമെന്നും, യാത്രയ്ക്കും ആചാരപരമായ വിരുന്നുകൾക്കുമുള്ള ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും കഴിഞ്ഞയാഴ്ച രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കൂടാതെ ചെലവുചുരുക്കൽ നടപടികൾ കൊണ്ടുവരാൻ രാഷ്ട്രപതി നിർദ്ദേശവും നൽകി.