കേരള സർവകലാശാല പരീക്ഷാചുമതലയിൽ നിന്ന് മാറ്റിയ അധ്യാപികയ്ക്ക് വീണ്ടും പരീക്ഷാ ചുമതല

തിരുവനന്തപുരം: കേരള സർവകലാശാലയിൽ
പരീക്ഷ ക്രമക്കേടിന് മുൻ സിൻഡിക്കേറ്റ് പുറത്താക്കിയ പരീക്ഷ ചീഫ് സൂപ്രണ്ടിനെ വീണ്ടും ചീഫ് സൂപ്രണ്ടായി നിയമിക്കാനും സർവകലാശാലാ ചട്ടങ്ങളിൽ ഇല്ലാത്ത കാമ്പസ് ഡയറക്ടറുടെ തസ്തികയിൽ ഒരു പ്രൊഫസറെ നിയമിക്കുവാനുമുള്ള നീക്കം വിവാദമാകുന്നു.

കൊറോണയുടെ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനമാണ് വിവാദമാകുന്നത്.

ചെമ്പഴന്തി എസ്. എൻ. കോളേജിൽ 2018 മാർച്ചിൽ നടന്ന ഡിഗ്രി പരീക്ഷാ ഉത്തരക്കടലാസ് തിരിമറിയുമായി ബന്ധപ്പെട്ട പരാതിയിൽ ഗവർണറുടെ നിർദ്ദേശപ്രകാരം പരീക്ഷ ചീഫ് സൂപ്രണ്ടായിരുന്ന വനിതാ അധ്യാപികയെ ചുമതലയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സർവകലാശാലയുടെ ആവശ്യപ്രകാരം പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെ ഇവരെ വീണ്ടും ചീഫ് സൂപ്രണ്ടായി നിയമിച്ച് പരീക്ഷ ചുമതലകൾ നല്കാനാണ് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതെന്നറിയുന്നു.

അധ്യാപികയെ വീണ്ടും പരീക്ഷകളുടെ നടത്തിപ്പ് ചുമതല നൽകുന്നത് പരീക്ഷകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന സിൻഡിക്കേറ്റ് അംഗം ആർ. അരുൺകുമാറിന്റെ വിയോജനക്കുറിപ്പോടേയാണ് സിൻഡിക്കേറ്റ് തീരുമാനം കൈക്കൊണ്ടത്.

യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ പുതുതായി ഒരു ക്യാമ്പസ്‌ ഡയറക്ടറെ നിയമിച്ചത് ചട്ടങ്ങൾ മറികടന്നാണെന്നും, ഗവർണരുടെയും സർക്കാരിന്റെയും മുൻകൂർ അനുമതിയില്ലാതെ പുതിയ തസ്തിക സ്യഷ്ടിച്ചു നിയമനം നടത്തുന്നത് ചട്ടലംഘനമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ശക്തമായ രാഷ്ട്രീയ സമ്മർദങ്ങളുടെ അടിസ്ഥാനത്തിലാണീ നീക്കമെന്ന് ആക്ഷേപമുണ്ട്