കോഴിക്കോട്: കുന്ദമംഗലത്ത് വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 11 ആഡംബര കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് കുന്ദമംഗലം ചൂലാംവയലിൽ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വർക്ക് ഷോപ്പിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ ആറേകാലോടെയാണ് സംഭവം ഉണ്ടായത്.
വർക്ക് ഷോപ്പിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപ വാസികൾ വർക്ക് ഷോപ്പ് ഉടമയായ ജോഫിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്നമംഗലം പോലീസ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.
പോലീസിന്റെ സഹായത്തോടെ ഷോറൂം തുറന്ന് രണ്ട് കാറുകൾ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. എന്നാൽ ബാക്കി കാറുകൾ അതിനോടകം പൂർണമായും കത്തി നശിച്ചിരുന്നു. വർക്ക് ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തില്‍ മൂന്നരക്കോടിയുടെ നഷ്ടമുണ്ടായാണ് വിവരം. രണ്ട് യൂണിറ്റ് അഗ്നിശമന സേനാ വാഹനങ്ങളെത്തിയാണ് തീ അണച്ചത്. തീ പൂര്‍ണമായും അണച്ചതായി ഫയര്‍ഫോഴ്സ് അറിയിച്ചു. വർക്ക് ഷോപ്പിലുണ്ടായിരുന്ന കാറിൽ നിന്ന് ഷോട്ട്സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.